Sunday, May 31, 2009

എന്റെ ബാലന്‍


(ജീവിതത്തിന്റെ അലച്ചിലിനിടയില്‍ ആരാലും ശ്രധിക്കപെടാതെ പോകുന്ന മനുഷ്യ ജന്മങ്ങള്‍ .നമ്മുടെ ഗ്രാമീണ ജീവിതത്തില്‍ ,നമ്മുടെ വെടിവട്ടങ്ങളില്‍ അവരും അവരുടെ നര്‍മബോധവും സജീവമായിരുന്നു .പക്ഷെ മൂന്നാമത് ഒരാളോടു പറയുന്മ്പോള്‍ നാമിവരെ തഴയുന്നു .അറിഞ്ഞോ അറിയാതെയോ . പണ്ടൊരാള്‍ പറഞ്ഞ പോലെ അല്ലെങ്കില്‍ എന്റെ നാട്ടിലെ ഒരാള്‍ എന്ന് പറയുന്നതിന് പകരം നമ്മുടെ വേദികളില്‍ അവര്‍ നമ്മെ പോലെ തന്നെ വ്യക്തികളും വ്യക്തിത്വങ്ങളും ആവട്ടെ.)




ആശാന്‍ കുഞ്ഞേട്ടന്റെ മൂത്ത മോന്‍ ബാലന്‍ ചില്ലറക്കാരനല്ല.പതിനെട്ടു ടണ്‍ ഭാരമുള്ള വിറകു ലോറി പഞ്ചരായപ്പോള്‍ ഈ ബാലന്‍ അതിനടിയില്‍ കിടന്നു ലോറി പൊക്കുന്നത് കുഞ്ഞേട്ടന്‍ തന്നെയാണ് കണ്ടതും പ്രക്ഷേപണം ചെയ്തതും .പക്ഷെ ജാക്കി എന്ന കുണാപ്പി കുഞ്ഞേട്ടന്‍ കാണാതെ പോയി .ലോറി പൊക്കിയവന്‍ എന്റെ മകന്‍ ബാലന്‍ എന്ന വീരസ്യവും കിട്ടി.
കൊക്കി വേലുയുധേട്ടന്റെ വീട്ടിലെ അടിപിടിക്കും മധ്യസ്ഥ വഹിച്ചത് ബാലന്‍ തന്നെ .ഒടുവില്‍ കൊച്ചുവിന്റെ ചിറിയില്‍ രണ്ടെണ്ണം പൊട്ടിച്ചു കേസ് തീര്‍പ്പാക്കി. പക്ഷെ തോറ്റ കക്ഷിയായ കൊച്ചു കേസ്സ് പോലീസ് സ്റ്റേഷനിലേക്ക് ഫോര്‍വേഡ് ചെയ്തത് ബാലന് ആധിക്ക് കാരണമായി.വിവരം തിരക്കിയ എന്നോട് അക്ഷരന്ങളെ ഒന്നുകൂടെ അച്ചുകൂടതിലടിച്ചു ശരിപ്പെടുത്തി, ബാലന്‍ തന്റെ ഭാഗം ഞായീകരിച്ചു .അതിങ്ങനെ ആയിരുന്നു .കുട്ടീ ....(നീണ്ട ഇടവേള) അയാള്‍ (ഇടവേള വീണ്ടും ) ലഹരിതനും മദ്യപനും ആയിരുന്നു .
എല്ലാ വാക്കുകളും പതിനാറു തവണ ആലോചിച്ചേ ബാലന്‍ പുറത്തേക്കു വിടൂ ...
ഞങ്ങള്‍ ബസ്സില്‍ ഒരുമിച്ചു പണിയെടുത്തിട്ടുണ്ട്. ആ സ്നേഹം ഇന്നും എന്നോടുണ്ട് .ബസ്സിലെ ദൈനംദിന വിഷയങ്ങളിലും ബാലന്‍ ഇടപെട്ടെന്നിരിക്കും . ഒരിക്കല്‍ കവളപ്പാറ രാജും സെറ്റും ക്ലാസ്സ് വിട്ടു ബസ്സില്‍ കയറി .മുന്നില്‍ അവരുടെ ലലനാമണികളും.രാജിന്റെ ഒറിജിനല്‍ പേര് ധര്‍മന്‍ എന്നാകുന്നു .നാട്ടിലും വീട്ടിലും ധര്‍മന്‍ തന്നെ. സ്കൂളിലും ധര്‍മന്‍ തന്നെ ആയിരുന്നു .കോളേജില്‍ ചേര്‍ന്നപ്പോള്‍ ഗസറ്റില്‍ പരസ്യം കൊടുത്തു രാജ് എന്നാക്കി. അടുത്ത സ്റ്റോപ്പില്‍ നിന്നും മുത്തശ്ശി കയറുന്നത് കണ്ടപ്പോള്‍ രാജ് എന്ന ധര്‍മന്‍ മെല്ലെ ഉള്‍വലിഞ്ഞു .മുത്തശ്ശി ജാകെറ്റ്‌ ഇടില്ല എന്നതോ പോട്ടെ .സ്ഥാനത്തും അസ്ഥാനത്തും ഓരോന്ന് പറഞ്ഞു മനുഷ്യന്റെ അനാടമി വിവരിച്ചു വില കളയും.കവളപ്പാറ സ്റ്റോപ്പില്‍ ബസ്‌ എത്തിയപ്പോള്‍ മുത്തശ്ശി പപ്പട കൊട്ടയുമെടുത്തു ഇറങ്ങി എന്നിട്ട് മുറുക്കാന്‍ തുപ്പിയിട്ട് നീട്ടി വിളിച്ചു . ദ .... ര ..... മോ......
ധര്‍മന്‍ വണ്ടിയില്‍ ഉണ്ടാവും എന്ന് അവര്‍ക്കറിയാം .സ്ഥിരമായി വരുന്നതല്ലേ
മുത്തശ്ശിയുടെ അപ്പീയിരന്സ് ധര്‍മന്നു ബോധിക്കാത്തതിനാല്‍ അവന്‍ വിളികെട്ടതുമില്ല അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി നടന്നാലും വേണ്ടില്ല എന്നുറപ്പിച്ചു. വെറുതെ പെണ്‍കുട്ട്യോളുടെ ഇടയില് ഉള്ള നിലയും വിലയും കളഞ്ഞു കുളിക്കെണ്ടല്ലോ ..പക്ഷെ മുത്തശ്ശിയുടെ വിളി ബാലന്‍ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു ."കുട്ടീ മുത്തശ്ശി വിളിച്ചത് കേട്ടില്ലേ "?ധര്‍മന്‍ അനങ്ങാതെ ഇരുന്നു . കേട്ട ഭാവം നടിച്ചില്ല ."മുത്തശ്ശീ ചെക്കന്‍ പറഞ്ഞാല്‍ കൂട്ടാക്കിനില്ല എന്താ ചെയ്യാ "? ബാലന്‍ നിസ്സഹായനായി ."ധരമോ ... എടാ.... പി മോനെ.... നിന്റെ അമ്മേനെ കെട്ടിക്കാന്‍ .. ഇറങ്ങനുണ്ടോ നിയ്യ് "....
മുത്തശ്ശി കുട്ട നിലത്തിട്ടു മുടി വാരികെട്ടി .ഇനി രക്ഷയില്ല .
.ധര്‍മന്‍ പിന്നിലെ വാതിലിലൂടെ ചാടിയിറങ്ങി പാടവരമ്പിലൂടെ ഒരൊറ്റ ഓട്ടം .
മുത്തശ്ശി കൊട്ട കയ്യിലെടുത്തു .ബാലന്‍ ഡബിള്‍ അടിച്ചു . വണ്ടി നീങ്ങി ശുഭം .
ചാക്കപ്പെട്ടന്റെ പടി കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പ്‌ അന്തി മഹാ കാളന്‍ കാവ് .അന്ത്യാളന്‍ കാവ് എന്ന് പറഞ്ഞാലും മതി. ദേശം മാറുമ്പോള്‍ ഒരു ഭാഷാന്തരം .പക്ഷെ ബാലന് അത് പോര അന്തി മഹാ കാളന്‍ കാവ് എന്ന് തന്നെ പറയണം .അങ്ങിനെ ഒരിക്കല്‍ അച്ചുകൂടം ശരിയാക്കി ബാലന്‍ തുടങ്ങി .അന്തി മഹാ കാളന്‍ കാവ് ആള് ഇറങ്ങാനുണ്ടോ .പക്ഷെ അത് ബോധിച്ച പോലെ പുറത്തു വന്നപ്പോഴേക്കും വണ്ടി ആ സ്റ്റോപ്പും കടന്നു കാനക്കാവില്‍ എത്തിയിരുന്നു .തൊഴാന്‍ വന്ന പെണ്ണുങ്ങളുടെ ആട്ടു കേട്ട് ബാലന്‍ ചിരിച്ചു .ഒന്ന് പോ കുട്ടീ...
എങ്കിലും കുട്ടായിയുടെ കുടി നിന്നതിന്റെ നിര്‍ണായക ശക്തി ആയതിന്റെ പേരില്‍ ഗ്രാമം ബാലനെ നമിച്ചു .ആദരിച്ചു .വടക്കാഞ്ചേരി ഷോപ്പില്‍ നിന്നും വരുത്തിയ ചുവപ്പന്‍ പൊട്ടിച്ചു ആഹ്ലാദിച്ചു .അമ്പതു രൂപ ഉണ്ടെങ്കില്‍ പത്തു രൂപയ്ക്കു കുട്ടായി കള്ള് കുടിക്കും .എന്നിട്ട് അങ്ങാടിയിലേക്ക് നടക്കും .പിന്നെ ഒരു കാറ്‌ വിളിക്കും .തിരിച്ചു വീട്ടിലേക്കു .തന്റെ നീല കുപ്പായം അങ്ങിനെ മുന്‍ സീറ്റില്‍ തൂക്കിയിട്ടു പിന്നില്‍ മലര്‍ന്നു കിടന്നു ഇടയ്ക്കിടെ തല പുറത്തേക്കിട്ടു തന്നെ എല്ലാവരും കാണുന്നില്ലേ എന്ന് ഉറപ്പു വരുത്തി വീണ്ടും പിന്നോട്ട് ചായും .ഇരുപതു രൂപ വാടകയുള്ളിടത്ത് മുപ്പതു കിട്ടും എന്നതിനാല്‍ വണ്ടിക്കാരും ഹാപി .വിഷയം അതല്ല .വണ്ടി എഴാരകുന്നിന്റെ മുകളില്‍ തന്നെ ചെല്ലണം .വീടിന്റെ മുന്നിലെ കുട്ടായി ഇറങ്ങൂ... മഴ പെയ്ത്ടു വെള്ളം കുത്തിയൊലിച്ചു മണ്ണ് പോയ വഴിയിലൂടെ പോകവുന്നിടത്തോളം പോയി ഇനി പറ്റില്ല നടന്നോളൂ എന്ന് പറയുന്നിടത്ത് വച്ച് ഡ്രൈവറും കുട്ടായിയും തമ്മില്‍ അടിതുടങ്ങും .കൂതചിന്റെ മോനെ ഞാന്‍ തരുന്നതെന്താ കാശെല്ലെടാ......പനാമ മേനോന്റെ തോട് വരമ്പത്തൂടെ അന്റെ വണ്ടി ഓടും. ഇന്റെ ചാള ആയതോണ്ടാട... പി മോനെ... ഇത് സഹിക്ക വയ്യാതായ കാലഘട്ടത്തില്‍ ഒരു ദിവസം കുട്ടായി കള്ള് കുടിച്ചു അങ്ങാടിയിലേക്ക് നടന്നതിന്റെ പിന്നാലെ ബാലനും പോയി . എണ്ണം പറഞ്ഞ ഒരു കാര്‍ നോക്കി കുട്ടായി കയറി ഇരുന്നു .കൂടെ ബാലനും ."കുട്ടായിയെട്ട ബസ്സിന്റെ അടുത്തേക്കാണ്‌ .ഞാനും വരുന്നുണ്ടേ "..."നീ പോരെടാ കുട്ടായിന്റെ വണ്ടീല് ".ഇതും പറഞ്ഞു പുള്ളി പിറകോട്ടു ചാഞ്ഞു .ബാലന്‍ ഒരു അമ്പതു രൂപ എടുത്തു ഡ്രൈവര്‍ ചന്തുവിന്റെ കയ്യില്‍ വച്ച് കൊടുത്തു ." ചന്തുവേട്ടാ ഇത് ഇന്നത്തോടെ നിര്‍ത്താനാണ് .മുപ്പതു മൂപ്പര് തന്നതും ഇതും കൂട്ടി എണ്‍പതു ഉറുപ്യ നേരെ കുതിരാനില്‍ വിട്ടിട്ടു പോരെ . കുന്നും പുറത്തുള്ള വല്ല വീടും നോക്കി നിറുത്തിയാല്‍ മതി ഇറങ്ങിക്കോളും .പുലകോട് നിര്‍ത്തേണ്ട .ഞാനവിടെ ഇറങ്ങുകയാണ് ".ചന്തുവിന്റെ കാര്‍ തെക്കോട്ട്‌ പോവുന്നതും ഒരു ഏഴെട്ടു മണിയോടെ തിരിച്ചു പോവുന്നതും അധികമാരും ശ്രധിച്ച്ചില്ലെന്കിലും പിറ്റേന്ന് പുലര്‍ച്ചക്ക് അഞ്ചു മണിക്കുള്ള ജിജോക്ക് കുട്ടായി വന്നിറങ്ങുന്നത് റബ്ബര്‍ വെട്ടാന്‍ പോകുന്നവരാണ് കണ്ടത് .

2 comments:

  1. പക്ഷെ ഒരാഴ്ചത്തേക്ക് മൂപ്പര് പുറത്തെ ഇറങ്ങിയില്ല .പിന്നീട് കള്ള് കുടിക്കാനും പോയില്ല ithozhuvakkam ennu thonnunnu..!!

    ReplyDelete
  2. (ജീവിതത്തിന്റെ അലച്ചിലിനിടയില്‍ ആരാലും ശ്രധിക്കപെടാതെ പോകുന്ന മനുഷ്യ ജന്മങ്ങള്‍ .നമ്മുടെ ഗ്രാമീണ ജീവിതത്തില്‍ ,നമ്മുടെ വെടിവട്ടങ്ങളില്‍ അവരും അവരുടെ നര്‍മബോധവും സജീവമായിരുന്നു .പക്ഷെ മൂന്നാമത് ഒരാളോടു പറയുന്മ്പോള്‍ നാമിവരെ തഴയുന്നു .അറിഞ്ഞോ അറിയാതെയോ . പണ്ടൊരാള്‍ പറഞ്ഞ പോലെ അല്ലെങ്കില്‍ എന്റെ നാട്ടിലെ ഒരാള്‍ എന്ന് പറയുന്നതിന് പകരം നമ്മുടെ വേദികളില്‍ അവര്‍ നമ്മെ പോലെ തന്നെ വ്യക്തികളും വ്യക്തിത്വങ്ങളും ആവട്ടെ.)
    സത്യം.. !! എന്തൊക്കെയോ ഓര്‍മകളില്‍ തെളിയുന്നു...!

    ReplyDelete