Wednesday, November 26, 2014
നാരായണന്‍കുട്ടി
നാഗം അവസാന കാലത്തേക്ക് കരുതി ഉണ്ടാക്കുന്നതാണ് മാണിക്യം. മാളത്തിന്റെ പുറത്തേക്ക് തലയിട്ടു അന്നമുപെക്ഷിച്ചു അതങ്ങനെ കിടക്കും ഒടുവില്‍ അതിന്റെ നിശ്വാസങ്ങള്‍ തട്ടി ഒരു ചരല്‍ കല്ല് മണിക്യകല്ലായി മാറും. ഒരു കാലത്ത് ഉശിരോടെ വിരാജിച്ച ആ നാഗം ഈ വേളയില്‍ ഒരു കൊതുകിനു പോലും ഉപദ്രവിക്കാന്‍ പാകത്തില്‍ അവശനായി തീരും .ഉടലെല്ലാം ക്ഷയിച്ചു തല മാത്രം ബാക്കി ആവുന്ന അവസ്ഥയില്‍ മാണിക്യവും കടിച്ചെടുത്തു അത് ദൂരേക്ക് പുറപ്പെടും .വഴിയില്‍ ഇത്തിരി വെള്ളം കുടിക്കാന്‍ മാണിക്യം കരയില്‍ വച്ച് കുളത്തിലേക്ക് ഇറങ്ങുമ്പോള്‍ കുബുദ്ധിയായ മനുഷ്യന്‍ ആ മാണിക്യം ചാണകം വച്ച് മറച്ചു നാഗത്തിനെ പറ്റിക്കും .മാണിക്യം തിരഞ്ഞു തിരഞ്ഞു കണ്ണീരോടെ നാഗം അലയും .....കഥ അങ്ങിനെ നീണ്ടു പോകുന്നു .
നാരായണനെ ഞാന്‍ അവസാനം കാണുമ്പോള്‍ ഉടലെല്ലാം ക്ഷയിച്ചു തല വീടിന്റെ കട്ടിലയില്‍ വച്ച് പരിചയക്കാരെ കാത്തു റോഡിലേക്ക് നോക്കി കിടക്കുന്ന കോലത്തിലായിരുന്നു .ആദ്യ ഓര്‍മകളില്‍ നാരയണന്‍ അങ്ങാടിയിലെ ആളുകളെ വിറപ്പിക്കുന്ന ഭാവത്തിലും .വാറ്റു ചാരായവും പൂങ്കുയില്‍ ബീഡിയുടെ കടുപ്പവും കൂടികലര്‍ന്ന വിയര്‍പ്പു ഗന്ധത്തോടെ ,നിരയൊത്ത പല്ലുകള്‍ കാട്ടി അതിനിടയിലും നാരായണന്‍ എന്നെ വിളിച്ചു പൈതലേ ....
അള്‍സര്‍,അര്‍ശസ്സ്,ശ്വാസം മുട്ട് തുടങ്ങിയ അസ്കിതകളും സുഖകരമല്ലാത്ത കുടുംബ ബന്ധങ്ങളോടും പോരടിക്കുമ്പോഴും നാരായണന്‍കുട്ടി ധീരമായി പ്രഖ്യാപിച്ചു .ബ്രിട്ടീഷ് പട്ടാളം വന്നാലും ഞാന്‍ കുടി നിര്‍ത്തില്ല.
സര്‍ക്കാര്‍ ആശുപത്രിയില്‍ ഇടതും വലത്തും കിടന്നു പൊക്കിളിനു ചുറ്റും ഏഴു വീതം പേ വിഷക്കെതിരെ കുത്തി വയ്കുമ്പോള്‍ രഹസ്യമായി എന്നോട് ചോദിച്ചു മോന്തിക്ക് മുട്ടി പാലത്തിന്റെ അതുവരെ പോയി വന്നാല്‍ വല്ല എതക്കെടും ഉണ്ടാവുമോ? രണ്ടെണ്ണം വിട്ടാല്‍ വയറ്റില്‍ കുത്തിവച്ച വേദന അറിയില്ല.മുട്ടിപാലം എന്നാല്‍ സകല കുടിയന്മാരുടെയും പുണ്യ പുരാതന നഗരി ആയിരുന്നു.
എന്റെ കണ്ണിന്റെ അടയാളം നോക്കി വീട്ടുകാര്‍ കാണാതെ ബീഡിയും തീപെട്ടിയും തരികയും.മകര കുളിരില്‍ രാത്രികളില്‍ പാടത്തെ വെള്ളം മോഷണം പോകാതെ എന്നോടുത്തു കാവല്‍ കിടക്കുകയും.ഇടയ്ക്കു സൈഡ് ബിസിനസ് ആയി വാറ്റുകാരുടെ സഹായത്തിനു നില്‍ക്കുകയും അതിന്റെ പേരില്‍ സൌജന്യം തരപെടുത്തിയും നാരായണന്‍ ജീവിച്ചു.
ഒരു ദിവസം വഴക്കോട് വളവില്‍ കുര്യാളയുടെ അങ്ങാടി മരുന്നിന്റെ സഹായിയായും നാരായണന്‍ വിലസുന്നു .മരുന്നിനെ പറ്റി നയാ പൈസയുടെ വിവരമില്ലെങ്കിലും ,പണി കഴിഞ്ഞാല്‍ ലഭിക്കുന മദ്യ സേവ തന്നെയാണ് ഈ പണിയുടെയും താല്പര്യം.എല്ലാം അറിയ്ന്ന ഭാവത്തിലാണ് നില്പ്.
അരിആറു കഷായം കൊച്ചു കുഞ്ഞുങ്ങള്‍ക്ക് വളരെ ഉത്തമമാണ് - കുര്യാള.
അതെ -നാരായണന്‍
കടുക്ക താന്നിക്ക നെല്ലിക്ക എന്നിവ ത്രിഫല എന്നറിയപ്പെടും -കുര്യാള
അതെ - നാരയണന്‍
കഷണ്ടി ഹൃദയ വേദന ,പ്രേമ നൈരാശ്യം എന്നിവയ്ക്ക് എന്റെ കയ്യില്‍ മരുന്നില്ല - കുര്യാള
അതെ -നാരയണന്‍ .
ഇതാണ് കച്ചവടത്തിന്റെ ഒരു പൊതു സ്വഭാവം.മരുന്ന് സഞ്ചികള്‍ തുറന്നു വയ്ക്കുക .ഇടയ്ക്കിടെ അതെ എന്ന് പറയുക .ഇതാണ് ജോലി.ഇത്തരം കാലഘട്ടങ്ങളില്‍ ഞങ്ങള്‍ ദിവസങ്ങളോളം കണ്ടെന്നു വരില്ല.ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും കണ്ടപ്പോള്‍ ഞാന്‍ തിരക്കി എവിടെ ആയിരുന്നു കുര്യാളയുടെ കച്ചോടം എങ്ങിനെ ഉണ്ടായിരുന്നു.
ഒന്നും പറയേണ്ട പൈതലേ ..കെ ഇ കുമാരന്‍ ചതിച്ചല്ലോ. പറമ്പികുളം കാട്ടില്‍ മുള്ള് വെട്ടാന്‍ കരാര്‍ എടുത്തു അവന്‍ .പക്ഷെ പണിക്കാര് വന്നില്ല.ഞങ്ങളെ അവരവിടെ പിടിച്ചു വച്ച് വാങ്ങിയ കാശു വസൂലാവുന്നത് വരെ പണിയെടുപ്പിച്ച് .ഇയ്യെന്റെ മേലൊക്കെ ഒന്ന് കാണു. മീന്‍ വരഞ്ഞത് പോലെ ആയി പട്ട്ലിന്റെ മുള്ളിന്റെ ഇടയില്‍ പെട്ട് .കാളിയാര്‍റോഡ് നേര്‍ച്ചയും ഇത്തവണ ഇത് കാരണം കാണാന്‍ പറ്റിയില്ല.ആട്ടെ എത്ര ആന ഉണ്ടായിരുന്നു ഇത്തവണ ? ഞാന്‍ പറഞ്ഞു ഒരു എഴുപതു ..എഴുപത്തി അഞ്ചു....
അപ്പൊ ഞാനാ കേമന്‍ പറമ്പി കുളത് ഞാനും നേര്ച്ച നടത്തി .ഒരു അഞ്ഞൂറ് ആന ഉണ്ടായിരുന്നു.കൊമ്പനും പിടിയും കുട്ടിയും മോഴയും ഒക്കെ ആയിട്ട് . തങ്ങള്ടെ കുരുത്തം നാട് പിടിക്കാന്‍ പറ്റി.
ഞങ്ങള്‍ തമ്മിലുള്ള സംസാരം ചിലപ്പോള്‍ ഗൌരവത്തില്‍ തുടങ്ങി സങ്കടതിലോ ചിരിയിലോ അല്ലെങ്കില്‍ തിരിച്ചോ ഒക്കെ മാറി മാറി പോകും .ഒരു ദിവസം ഓടി വന്നു എനിക്ക് പുറം തിരിഞ്ഞു നിന്ന് ഇയ്യ് ഇതൊന്നു നോക്ക് പൈതലേ എന്ന് പറഞ്ഞു കരഞ്ഞു .നോക്കുമ്പോള്‍ പുറത്താകെ നീരോലിയുടെ വടി കൊണ്ട് അടിച്ച പാട് .
ആരാ ഇത് ചെയ്തത് .
അതൊന്നും പറയേണ്ട .(**************)
നിന്റെ കൈ ആസനത്തില്‍ ആയിരുന്നോ ?
അതിനു കളരിയില്‍ പുറകില്‍ തടവില്ലല്ലോ ?
ആ പറച്ചില്‍ കേട്ടാല്‍ തോന്നും അഞ്ചെട്ടു കളരിക്ക് ഗുരുക്കള്‍ ആണെന്ന് . എന്റെ സ്നേഹപൂര്‍വമുള്ള ശാസനകള്‍ അവസാനം നാരായണന്ന്റെ ഏങ്ങി കരച്ചിലുകളില്‍ തീരും.ചിലപ്പോള്‍ കൂട്ടുകാര്‍ക്കിടയില്‍ നിന്നും ആവശ്യമുയരും നാരായണന്‍ വരുന്നുണ്ട് ഒന്ന് കരയിപ്പിക്കു.ഞാന്‍ തുടങ്ങും.എങ്ങിനെ ഉണ്ടായിരുന്ന തടി ആണിത് .കുടിച്ചു കുടിച്ചു അവസാനം ........... നാരാണന്‍കുട്ട്യേ നീ വിഷമിക്കാന്‍ പറഞ്ഞതല്ല.സഹിക്കാണ്ട് പറഞ്ഞൂന്നു മാത്രം. അതിനിപ്പോ സങ്ങടപെടെണ്ട .അതിനു നിനക്ക് അര്‍ഹത തീരെ ഇല്ല .കണ്ണ് തുടക്കു .(കണ്ണില്‍ ഒന്നും ഇല്ല ).ഇതിനപ്പുറം നാരായണന്‍ കടന്നിടില്ല ...ഹെന്റെ പൈതലേ... അവള്‍ ഒറ്റൊരുത്തി കാരണം ....പിന്നെ കരച്ചിലോടു കരച്ചില്‍ തന്നെ .അത് നിര്‍ത്താന്‍ അഞ്ചു രൂപ കൊടുക്കണം .അത് ആദ്യം തന്നെ പിരിച്ചിട്ടാണ് കല പരിപാടി. ഞങള്‍ നാരായണനെ പറ്റിച്ചോ അതോ ഈ പട്ടികളെ പറ്റിച്ചാല്‍ അഞ്ചു രൂപ വെറുതെ കിട്ടും എന്ന് അവന്‍ കരുതിയോ അറിയില്ല .പക്ഷെ ഞാന്‍ നാട് വിട്ടതിനു ശേഷം ഇളമുറ തമ്പുരാക്കന്മാര്‍ ഒരു ദിവസം നാരായണനെ വിളിച്ചു ആദ്യം തന്നെ അഞ്ചു രൂപ കൊടുത്തു എന്നിട്ട് അജിയും സാദിയും കൂടെ.'എങ്ങിനെ ഉണ്ടായിരുന്ന തടി ആയിരുന്നു. എന്ന തിരക്കഥ തുടങ്ങി .നാരായണന്‍ കാശു വാങ്ങി പോക്കടിലിട്ടു മെല്ലെ എണീറ്റ് 'പോടാ തെണ്ടികളെ എന്നെ കരയിപ്പിക്കാന്‍ ഇയ്യോന്നും കൂട്ട്യാല്‍ കൂടില്ല.ഇന്റെ പൈതല് ചീത്ത പറഞ്ഞാല്‍ കണ്ണ് നിറയും .അതിച്ചിട്ടു ഇന്റെ മക്കളൊന്നും ആ പണിക്കു നിക്കണ്ട.
തെറ്റും ശരിയും കാര്യ വിചാരവും അലസതയും ചിരിയും കളിയും ഒക്കെ ഇഴ ചേര്‍ന്ന് നാരയണന്‍ ജീവിച്ചു .എന്റെ ഓരോ വരവിനും കാത്തിരുന്ന് വാശിയോടെ എന്റെ പോക്കറ്റ് തപ്പി.ഒരു നേരത്തെ കുടിക്കാനുള്ള വക .അതിനപ്പുറം ഒന്നും അതികമായി വേണ്ടിയുരുന്നില്ല.പട വരമ്പത്തും പാത വാക്കിലും തോട്ടിന്‍ പള്ളയിലും പകല്‍മുഴുവന്‍ നിറഞ്ഞാടി. ഒടുവില്‍ കുടി നിര്‍ത്തി ഉശിരൊക്കെ പോയി കട്ടിലപടിയില്‍ തല വച്ച് കിടക്കുമ്പോഴും എന്നെ കണ്ടപ്പോള്‍ ചാടി എണീറ്റ എന്റെ നാരായണന്‍കുട്ടി.ആ മുഖത്തെ ചിരി നാഗമാനിക്യത്തിനെക്കാള്‍ വില പിടിപുള്ളതായിരുന്നു എനിക്കെന്നും.
Subscribe to:
Posts (Atom)
