Tuesday, April 28, 2009

പ്രവാസിയുടെ പ്രണയിനിക്ക്


ഉച്ചമയക്കത്തിലെ,
സുന്ദരമായ സ്വപ്നം പോലെ
സുഖകരമായിരുന്ന യൌവ്വനത്തില്‍ ,
ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള ചാഞ്ചാട്ടത്തില്‍
വഴിയിലുപേക്ഷിച്ച ഭാണ്ഡം പോലെ
എന്റെ പ്രണയവും പ്രണയിനിയും ..
ഒടുവില്‍
നിന്റെ കാത്തിരുപ്പിന്റെ
വഴിത്താരകളിലൂടെ
എന്റെ യാത്ര കടന്നു പോവുമെന്ന്
ഏതോ പേരില്ലാക്കിളി പാടിയോ...
പണ്ട്
എന്റെ പഴയൊരു ഡയറി താളില്‍
നീ ഇങ്ങനെ എഴുതി വച്ചിരുന്നു.
"ഞാന്‍ നീട്ടിയ പൂവും
എന്റെ പ്രണയവും നീ അറിയാതെ പോയി
വിടരുവാന്‍ ഇനിയൊരു പൂവുമില്ല
പടരുവാന്‍ ഇനിയൊരു മരവുമില്ല
പാവം വല്ലി ഞാന്‍ അന്യയെന്നോ ?"
ദേശാടാനക്കാരന്റെ
സ്വപ്ങ്ങളില്‍ പോലും
കൊടും വെയിലിന്റെ
വിശപ്പിന്റെ ദാഹത്തിന്റെ
കൂരിരുട്ടിലെ നിസ്സഹായതയുടെ ഭയാശങ്കകള്‍ ആണെന്നും.
അതിനിടയില്പോലും ഒരിക്കല്‍ നിന്നെ ഞാന്‍ കിനാവ് കണ്ടു.
മഞ്ഞുപെയ്യു‌ന്ന മലംചെരുവില്‍
മരണത്തിനുമപ്പുറം
നീണ്ടു പോകേണ്ട പ്രണയത്തെ കുറിച്ച്
നമ്മള്‍ വാഗ്ദത്തം ചെയ്യുന്നത്.
രാപാര്‍ക്കാന്‍ നക്ഷത്ര കല്ലുകള്‍ പതിച്ച കൊട്ടാരമോ
കളിച്ചു നടക്കാന്‍ ഏദന്‍ തോട്ടമോ
നിന്നെ പ്രണയ വിവശയാക്കാന്‍ രതിയുടെ എഴുതാപുറങ്ങളോ
പറഞ്ഞുറക്കാന്‍ ശന്തനുവിന്റെ കഥകളോ ഇല്ല ...
എന്റെ കയ്യില്‍
ഒരു പനിനീര്‍ പൂ മാത്രമുണ്ട്
അതില്‍ ‍ നിനക്കൊരു വസന്തം കാണാന്‍ കഴിയുമെങ്കില്‍
വരിക
വന്നു അരികില്‍ ചേര്‍ന്ന് നില്‍ക്കുക ...

1 comment:

  1. പഴയ ഡയറി വീണ്ടും ഓര്‍മയില്‍ തെളിഞ്ഞു വരുന്നു..
    നന്ദി സസ്നേഹം സുരേഷ്

    ReplyDelete